ഇട്ടൂലി

പച്ച ഹാഫ് പാവാടയും ഷർട്ടും ധരിച്ച് മുടി രണ്ടായി പകുത്ത് മെടഞ്ഞിട്ട് റിബ്ബൺ കെട്ടി ലേഡി ബേർഡ് സൈക്കി്‌ളിൽ ഗമയിൽ സ്കൂളിൽ പോയ കാലം...സർക്കാർ വക ഗേൾസ് ഹൈസ്കൂളിലെ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച് എന്ന പട്ടം കൂടിയുള്ളതായിരുന്നു ഞങ്ങളുടെ ബാച്ച്. വളരെ കുറച്ചു കുട്ടികൾ മാത്രം ഉള്ള ഇംഗ്ലീഷ് മീഡിയം ബാച്ചിനെ അസൂയയോടെ നോക്കിയിരുന്ന മറ്റുകുട്ടികൾ..അ്‌ധ്യാപകരുടെ പ്രത്യേക വാത്സല്യവും സ്നേഹവും ലഭിച്ചിരുന്ന ബാച്ച്..അതെല്ലാംകൂടികണ്ടു അഹങ്കാരം തലയിൽ കേറിയ ഞങ്ങൾ..

മഴക്കാലത്തു ഗ്രൗണ്ടിൽ ഇറങ്ങാൻ കഴിയാതെ വെള്ളം കെട്ടി നിക്കുമ്പോൾ ഉച്ചയൂൺസമയത്ത് നേരം കൊല്ലുന്നതിന്  ക്ലാസ് റൂമിനുള്ളിൽ കളിയ്ക്കാൻ പാകത്തിന് ഞങ്ങൾ സ്വന്തമായി കണ്ടുപിടിച്ചതും അല്ലാത്തതുമായ ധാരാളം കളികൾ..

അതിലൊന്നാണ് ഇട്ടൂലി.. എന്തെങ്കിലും ഒരു ചെറിയ സാധനം (മിക്കവാറും സേഫ്റ്റിപിന്നോ
 ഹെയർപിന്നോ ആയിരിക്കും) ഒരാൾ ഒളിപ്പിച്ചു വെക്കും.ഒളിപ്പിക്കുമ്പോൾ മറ്റുള്ളവർ കണ്ണപൊത്തിപ്പിടിക്കണം. ഒളിപ്പിക്കുന്നയാൾ റെഡി എന്ന്‌ പറയുമ്പോഴെ കണ്ണ് തുറക്കാവൂ. എന്നിട്ട്  ആ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സാധനം തെരഞ്ഞു കണ്ടുപിടിക്കണം. സാധനത്തിന്റെ അടുത്ത എത്തുമ്പോൾ ഒളിപ്പിച്ചയാൾ 'ചൂട് ചൂട്‌' എന്ന് പറയും..അകലുമ്പോൾ തണുപ്പ് എന്നും.

ഹാഫ് പാവാടയിൽ നിന്ന് മാറി സാരി ഉടുത്ത് നിക്കുമ്പോഴും ഈ തെരച്ചിൽ തുടർന്നുകൊണ്ടേയിരിക്കുകയാണ് ഞാൻ. പരിചയപ്പെട്ട വ്യക്തികളിൽ, ഇഷ്ടവും അടുപ്പവും തോന്നിയ വ്യക്തികളിൽ, ജീവിതത്തിൽ നിന്നൊക്കെ എന്തൊക്കയോ പ്രതീക്ഷിച്ച്, അതൊക്കെ തെരഞ്ഞുകൊണ്ടേയിരിക്കയാണ്. ദൈവം
എന്നൊരാൾ വ്യക്തി രൂപത്തിൽ ഉണ്ടെങ്കിൽ അവിടിരുന്ന് പറയുന്നുണ്ടാവും തണുപ്പ്  തണുപ്പ് കൊടുംതണുപ്പ് എന്ന്...

Comments

Popular posts from this blog

നാരങ്ങാ മിഠായി

റേസിസ്ററ് ആയ ഞാൻ

ഇഡിലിക്കുട്ടി