നാരങ്ങാ മിഠായി

ചേട്ടന് വയറിളകാൻ മരുന്ന് കൊടുത്തിട്ടുണ്ട്. മൂപ്പർ കക്കൂസിലേക്ക് ഓടുമ്പോ പിന്നാലെ വല്യമ്മയും ഓടുന്നുണ്ട്. എനിക്ക് ഇന്നലെ കിട്ടിയതിന്റെ ബാക്കി എന്ന വണ്ണം തല്ലും ചീത്തയും 'അമ്മ, മുത്തശ്ശി വല്യച്ഛൻ അങ്ങനെ എല്ലാവരിൽ നിന്നും മാറി മാറി കിട്ടുന്നുണ്ട്.


 ഒരു നാരങ്ങാമിഠായിയിലാണ് അന്ന്  പൊതിരെ കിട്ടിയ തല്ലിന്റെ  തുടക്കം എന്ന് തന്നെ പറയട്ടെ...

കുട്ടികൾ ആയിരുന്ന ഞാനും ചേട്ടനും ചേച്ചിയുമൊക്കെ  മേശവലിപ്പിൽ നിന്നോ വല്യച്ഛന്റെ ഷർട്ട് ന്റെ പോക്കറ്റിൽ  നിന്നോ അല്ലെങ്കിൽ എവിടെയെങ്കിലും അലക്ഷ്യമായി വെച്ചിരിക്കുന്ന  ചില്ലറപൈസ കൊണ്ടോ ഇതൊന്നും അല്ലെങ്കിൽ മുത്തശ്ശിയുടെ വെറ്റിലപ്പെട്ടിയിൽ നിന്നോ ചില്ലറ എടുത്ത് പടിഞ്ഞാറേ ഭാഗത്തുള്ള രാമൻ പിള്ള അപ്പൂപ്പന്റെ കടയിൽ നിന്ന് മിഠായി വാങ്ങൽ സാധാരണമായിരുന്നു.

ഇന്നത്തെ പോലെ വര്ണക്കടലാസിൽ പൊതിഞ്ഞ മിഠായികളല്ല. ഓറഞ്ചും മഞ്ഞയും കലർന്ന നാരങ്ങാ മിഠായി, വെള്ളനിറത്തിലുള്ള ഗ്യാസ് മിഠായി, വെള്ളച്ചോക്കുപോലെയുള്ള സിഗരറ്റ് മിഠായി, ഉള്ളിൽ തേൻ നിറച്ച തേൻമിഠായി ഇതിന്റെയൊക്കെ നടുവിൽ രാജാവിനെപ്പോലെ കടും പച്ച വര്ണക്കടലാസ്സിൽ പൊതിഞ്ഞ parry's മിഠായി....എന്നിങ്ങനെ നീളും ലിസ്റ്റ്.

ഒരു ഞായർ ആഴ്ച ഉച്ചക്ക് ഊണ് കഴിഞ്ഞു എല്ലാവരും ഉറക്കം. ഞാനും ചേട്ടനും നിർബന്ധിത കിടപ്പിൽ ആണ്. ഉച്ചക്ക് എല്ലാരും ഉറങ്ങാൻ കിടക്കുമ്പോ ഞങ്ങളും കിടക്കണം. അതാണ് നിയമം. ചേച്ചി പത്താംക്ലാസ്കാരിയായത്കൊണ്ട് ഈ നിയമം ബാധകം അല്ല. ഞാൻ പതുക്കെ എണീറ്റ് ചേച്ചിയുടെ മുറിയിൽ ചെന്നു. പുസ്‌തകം നെഞ്ചിൽ ചേർത്ത്  ഉറങ്ങുന്ന ചേച്ചിയുടെ കള്ളത്തരം കണ്ടുപിടിച്ച സന്തോഷത്തിൽ ഞാൻ സ്വല്പം ഉറക്കെ ചോദിച്ചു , "ചേച്ചി ഉറങ്ങുയാണ്   ലെ? ഞാൻ വെല്യമ്മയോടു പറയും."

ഞെട്ടിയുണർന്ന ചേച്ചി 'shhh ' എന്നൊരു ഒച്ചയുണ്ടാക്കി 'പോയി പറഞ്ഞു കൊടുക്കെടി നിന്റെ വല്യമ്മേടെ അടുത്ത്' എന്നും പറഞ്ഞു തിരിഞ്ഞു കിടന്നു.  ചേച്ചിടെ വായിൽ ഇരിക്കുന്നത് കേട്ടതിന്റെ ക്ഷീണത്തിൽ തറയിൽ നോക്കി ചേട്ടന്റെ മുറി ലക്ഷ്യമാക്കി നടക്കുമ്പോഴാണ് എന്തോ കാലിൽ കുത്തിയത്. നോക്കുമ്പോ എന്താ !ഒരു സ്ക്രൂ !! ഓഹ്!

ച്ചേട്ടന്റെ അടുത്ത ചെന്ന് തോണ്ടിവിളിച്ചുണർത്തി. "വാ നമുക്ക് കളിക്കാം." പക്ഷെ ചേട്ടന്റെ കണ്ണ് നേരെ വീണത് ചുരുട്ടിപിടിച്ച എന്റെ കൈയ്യിലേക്കാണ് . "എന്താ നിന്റെ കൈയ്യിൽ ?" ഇത് തന്നെ അവസരം എന്ന് കരുതി ചേട്ടനെ ഒന്ന് നന്നായി പറ്റിക്കാൻ spot -ൽ തീരുമാനിച്ച ഞാൻ, "നാരങ്ങാ മിഠായി ".

അത്തവണ എന്റെ നിഷ്കളങ്കതയിൽ മൂക്കും കുത്തി വീണ ചേട്ടൻ "താ " എന്ന വായപൊളിച്ചു എന്റെ അടുത്തു; പിന്നീടൊരു കുന്തവും ആലോചിക്കാതെ പറ്റിക്കാൻ കിട്ടിയ അവസരം എത്രയും പെട്ടന്ന് വിനയോഗിച്ചു ഞാൻ, "കണ്ണ് അടച്ച വായ കുറച്ച കൂടി തുറന്നു പിടിച്ചാൽ ഞാൻ വായിൽ ഇട്ടു തരാം"

പിന്നെ പറയണോ  പൂരം......


Comments

Popular posts from this blog

റേസിസ്ററ് ആയ ഞാൻ

ഇഡിലിക്കുട്ടി